സാമ്പത്തിക നേട്ടത്തേക്കാൾ വ്യക്തിഗതമായ സന്തോഷവും സംതൃപ്തിയുമാണ് കണ്ടന്റ് ക്രിയേഷനിൽ മുന്നോട്ട് നയിക്കുന്നതെന്ന് പ്രമുഖ ഇൻഫ്ലുവൻസർ സെബിൻ സിറിയക്ക് (Sebin Cyriac). കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) സംഘടിപ്പിച്ച കേരള ഇന്നൊവേഷൻ ഫെസ്റ്റിവൽ (KIF) വേദിയിൽ ചാനൽ അയാം സിഇഒ നിഷ കൃഷ്ണനുമായി സംസാരിക്കുകയായിരുന്നു ഫിഷിങ് ഫ്രീക്സ് (Fishing Freaks) എന്ന ചാനലിലൂടെ പ്രശസ്തനായ സെബിൻ.
വർഷങ്ങൾ കഴിഞ്ഞ് മക്കളൊക്കെ കാണുമ്പോൾ അയ്യേ എന്നു പറയാൻ ഇടവരാത്ത കണ്ടന്റുകൾ സൃഷ്ടിക്കാനാണ് ശ്രമിക്കാറുള്ളതെന്ന് സെബിൻ തമാശയും ഗൗരവവും കലർത്തി പറഞ്ഞു. അതുകൊണ്ടുതന്നെ ഏത് കണ്ടന്റിലും നിലവാരം പുലർത്താൻ ശ്രദ്ധിക്കുന്നു. കുടുംബവുമായി ചേർന്നിരുന്നു കാണാവുന്ന കണ്ടന്റുകൾ മാത്രമേ നിർമിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
കണ്ടന്റ് ക്രിയേഷനിൽ നിന്നു കാശുണ്ടാക്കിക്കളയാം എന്ന ലക്ഷ്യം മാത്രം വെച്ച് കണ്ടന്റ് ചെയ്യുമ്പോൾ മോണിറ്റൈസേഷൻ ബുദ്ധിമുട്ടാകും. മറിച്ച് ഇഷ്ടത്തോട് കൂടി കണ്ടന്റ് ചെയ്യുമ്പോൾ അവ സ്വാഭാവികമായും ആളുകൾക്ക് ഇഷ്ടപ്പെടും. കാശുണ്ടാക്കാൻ വേണ്ടി മാത്രം ഒരു കാര്യം ചെയ്യുന്നതും ഇഷ്ടത്തോടു കൂടി ചെയ്യുന്നതും വ്യത്യസ്തമാണല്ലോ. ഇതേ കാര്യം കണ്ടന്റ് ക്രിയേഷനിലും ബാധകമാണെന്നും സെബിൻ ചൂണ്ടിക്കാട്ടി.
കണ്ടന്റിൽ ഓരോ സമയത്തും ട്രെൻഡ് മാറിക്കൊണ്ടിരിക്കും. ആളുകൾക്ക് സെൽഫ് എന്റർടെയ്ൻമെന്റ് എന്ന രീതിയിൽ സോഷ്യൽ മീഡിയ ഏറെക്കാലം നിലനിൽക്കും. അത് നിലനിൽക്കുന്നിടത്തോളം മികച്ച കണ്ടന്റുകൾക്ക് ഏറെ പ്രസക്തിയുണ്ട്-അദ്ദേഹം പറഞ്ഞു.
Influencer Sebin Cyriac (Fishing Freaks) at KIF emphasizes passion and satisfaction over monetary gain as the true drivers of successful content creation.