ഒരുലക്ഷം കോടി രൂപയുടെ ഇടപാട് നേട്ടം കൈവരിച്ച് സംസ്ഥാന ധനകാര്യ വകുപ്പിനു കീഴിലുള്ള ധനകാര്യ സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് (KSFE). ഇന്ത്യയിൽ ഈ നേട്ടം കൈവരിക്കുന്ന സർക്കാർ നിയന്ത്രണത്തിലുള്ള ആദ്യ മിസലേനിയസ് നോൺ ബാങ്കിങ് സ്ഥാപനം എന്ന നാഴികക്കല്ലാണ് ഇതോടെ കെഎസ്എഫ്ഇ സ്വന്തമാക്കിയിരിക്കുന്നത്.

ഈ സർക്കാരിന്റെ തുടക്കത്തിൽ ഏതാണ്ട് 52,000 കോടി രൂപയുടെ ബിസിനസായിരുന്നു കെഎസ്എഫ്ഇയ്ക്ക് ഉണ്ടായിരുന്നതെന്നും വെറും നാലുവർഷംകൊണ്ട് അത് ഒരു ലക്ഷം കോടി രൂപയിലെത്തിയതായും ധനമന്ത്രി കെ.എൻ. ബാലഗോപാൽ ചൂണ്ടിക്കാട്ടി. കുറഞ്ഞ സമയംകൊണ്ട് ബിസിനസ്സ് ഇരട്ടിയാക്കാൻ കഴിഞ്ഞത് പൊതുജനങ്ങളുടെ വർദ്ധിച്ചുവരുന്ന വിശ്വാസത്തെയും കെഎസ്എഫ്ഇയുടെ ജനപ്രീതിയെയും പ്രതിഫലിപ്പിക്കുന്നതായും മന്ത്രി പറഞ്ഞു.
കെഎസ്എഫ്ഇ ചിട്ടിക്കൊപ്പം സ്വർണവായ്പ, ഭവനവായ്പ, വ്യക്തിഗത വായ്പ എന്നിവയുൾപ്പടെയുള്ള വിവിധ വായ്പകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് സുവർണ നേട്ടത്തിലെത്തിയിരിക്കുന്നതെന്ന് കെഎസ്എഫ്ഇ ചെയർമാൻ കെ.വരദരാജൻ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം ആയിരം കോടി രൂപയുടെ പുതിയ ചിട്ടികൾ ആരംഭിച്ചു. ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽത്തന്നെ സ്വർണ്ണ വായ്പ പതിനായിരം കോടി രൂപ കടന്നു. ഇതാണ് ഒരു ലക്ഷം കോടിയുടെ നേട്ടത്തിലേക്ക് സ്ഥാപനത്തെ നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സ്വർണപ്പണയ വായ്പ 10,000 കോടി കടന്നിരിക്കുകയാണ്. സർക്കാർ ജീവനക്കാരുടെ ഭവന വായ്പയിലും കെഎസ്എഫ്ഇ സജീവമാണ്. കെഎസ്എഫ്ഇയുടെ 683 ശാഖകളിലൂടെയാണ് ഇതെല്ലാം കൈകാര്യം ചെയ്യുന്നത്. ചിട്ടി, ഭവനവായ്പ എന്നിവയുൾപ്പടെയുള്ള ഉൽപന്നങ്ങൾക്ക് ജനറൽ ഇൻഷുറൻസ് പരിരക്ഷ ഒരുക്കുന്നതും ഭാവി പരിഗണനയിലുണ്ട്. ഇതിനായി സ്വന്തമായി ഇൻഷുറൻസ് കമ്പനി ആരംഭിക്കുകയോ നിലവിലുള്ളവരുമായി സഹകരിച്ചു പ്രവർത്തിക്കുകയോ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ലക്ഷം കോടി രൂപ ബിസിനസ്സുള്ള കമ്പനിയായി മാറുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓഗസ്റ്റ് 13ന് തിരുവനന്തപുരത്ത് നിർവഹിക്കും.
KSFE becomes India’s first government-controlled miscellaneous NBFC to cross ₹1 lakh crore in business turnover, driven by public trust and diverse schemes.