പുതുക്കിയ ആദായ നികുതി ബിൽ (Income Tax Bill) കഴിഞ്ഞ ദിവസം പാർലമെന്റിൽ പാസ്സായിരിക്കുകയാണ്. അറുപത് വർഷത്തോളം പഴക്കമുള്ള 1961ലെ ആദായ നികുതി നിയമത്തിന് (Income Tax Act of 1961) പകരമായാണ് പുതുക്കിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. പുതുതായി നികുതി നിരക്കുകളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്നും സങ്കീർണ്ണമായ ആദായനികുതി നിയമങ്ങൾ മനസ്സിലാക്കുന്നതിനായി ഭാഷ ലളിതമാക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ധനമന്ത്രി നിർമല സീതാരാമൻ വിശദീകരിച്ചു. ഇതോടൊപ്പം ഡിജിറ്റൽ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും ബിസിനസ്സുകളുടെ കംപ്ലൈൻസ് ബർഡൻ കുറയ്ക്കാനും ബിൽ ഉപകാരപ്പെടും എന്നാണ് വിലയിരുത്തൽ. 2026 ഏപ്രിൽ ഒന്നു മുതൽ പുതിയ ബിൽ പ്രാബല്യത്തിൽ വരും.

വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സൂക്ഷ്മ- ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും (MSME) നികുതിയുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നടപടിക്രമങ്ങൾ ലളിതമാക്കിയതാണ് സംരംഭകരെ സംബന്ധിച്ച് പുതിയ ആദായ നികുതി ബില്ലിലെ പ്രധാന മാറ്റം. പുതിയ നികുതി ബില്ലിലെ ചില വ്യവസ്ഥകൾ സ്റ്റാർട്ടപ്പുകളിലും നിർമ്മാണ മേഖലയിലും നിക്ഷേപിക്കാൻ ആളുകൾക്കും കമ്പനികൾക്കും കൂടുതൽ പ്രേരണ നൽകും എന്നും നിരീക്ഷിക്കപ്പെടുന്നു. സ്റ്റാർട്ടപ്പുകൾക്കുള്ള Section 80-IAC നികുതി ഇളവ് 2030 വരെ നീട്ടിയത്, ഇന്ത്യയിൽ ഇലക്ട്രോണിക്‌സ് നിർമ്മാണം ആരംഭിക്കുന്ന വിദേശ കമ്പനികൾക്ക് പ്രത്യേക പ്രിസംറ്റീവ് സ്കീം (presumptive scheme) നൽകിയത് തുടങ്ങിയവയാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിലൂടെ പുതിയ ബിസിനസുകൾ തുടങ്ങാൻ കൂടുതൽ ആളുകൾ തയ്യാറാകുമെന്നും നിലവിലുള്ള നിർമാണ, സ്റ്റാർട്ടപ്പ് മേഖലയിൽ വിദേശ-ദേശീയ നിക്ഷേപം വർധിക്കുമെന്നുമാണ് വിലയിരുത്തൽ. പുതിയ നിയമം ഫെയിസ് ലെസ് അസസ്മെന്റ് സംവിധാനം വ്യാപകമാക്കും എന്ന സവിശേഷതയുമുണ്ട്. ഇതോടെ നികുതി ഓഫീസർമാരുമായി നേരിട്ട് ഇടപഴകേണ്ട സാഹചര്യം കുറയുകയും കാര്യക്ഷമത വർധിക്കുകയും ചെയ്യും. ഇതിനു പുറമേ Tax Deducted at Source (TDS), Tax Collected at Source (TCS ) സംബന്ധിച്ച നിയമങ്ങൾ ഒരേ വിഭാഗത്തിൽ കൂട്ടിച്ചേർത്തിട്ടുമുണ്ട്.
പുതുക്കിയ നികുതി ബില്ലിൽ ഭവന വരുമാനം സംബന്ധിച്ച നിയമങ്ങളിലും ലോക്സഭാ സെലക്ട് കമ്മിറ്റി നിർണായക ഭേദഗതികൾ വരുത്തിയിട്ടുണ്ട്. വാടകയ്ക്ക് നൽകിയ വീടുകളുടെ നികുതി കണക്കാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ബിൽ വ്യക്തത വരുത്തുന്നു. നിലവിലെ നികുതി നിയമങ്ങളിലെ പ്രധാന വ്യവസ്ഥകൾ പുതിയ ബില്ലിലും നിലനിർത്തും. വീടിന്റെ വാർഷിക മൂല്യത്തിൽ നിന്ന് മുനിസിപ്പൽ നികുതികൾ കുറച്ച ശേഷം ലഭിക്കുന്ന തുകയുടെ 30% സ്റ്റാൻഡേർഡ് ഡിഡക്ഷനായി കണക്കാക്കുമെന്ന് ബില്ലിൽ വ്യക്തമാക്കുന്നു. മുൻപ് ഇതിൽ അവ്യക്തതയുണ്ടായിരുന്നു. ഇതിനുപുറമേ പുതിയ ബിൽ പെൻഷൻ നികുതിയിളവിലെ അവ്യക്തതയും നീക്കുന്നു. പെൻഷനും ഗ്രാറ്റുവിറ്റിയും ഒരുമിച്ച് കുടുംബാംഗങ്ങൾക്കു ലഭിക്കുമ്പോഴുള്ള നികുതിയിളവു സംബന്ധിച്ചും ബിൽ കൂടുതൽ വ്യക്തത കൊണ്ടുവരുന്നു.
ഭാഷ ലളിതമാക്കിയും നടപടിക്രമങ്ങൾ കുറച്ചുമാണ് പുതുക്കിയ ആദായ നികുതി ബിൽ വരുന്നത്. കണക്കെടുപ്പ് വർഷം, മുൻ വർഷം തുടങ്ങിയ പ്രയോഗങ്ങൾക്കു പകരം നികുതി വർഷം എന്നു മാത്രമാകും പ്രയോഗിക്കുക. അനാവശ്യമായ വ്യവസ്ഥകളും കാലഹരണപ്പെട്ട ഭാഷയും നീക്കം ചെയ്യുന്ന ബിൽ 1961ലെ ആദായനികുതി നിയമത്തിലെ വകുപ്പുകളുടെ എണ്ണം 819ൽ നിന്ന് 536 ആയി കുറയ്ക്കുന്നു. ഇതോടൊപ്പം അധ്യായങ്ങളുടെ എണ്ണം 47ൽ നിന്ന് 23 ആയും കുറച്ചിട്ടുണ്ട്. ഈ മാറ്റം ഉപരിപ്ലവം മാത്രമല്ലെന്നും നികുതി ഭരണത്തിനായുള്ള പുതിയതും ലളിതവുമായ സമീപനത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും നിർമല സീതാരാമൻ പറഞ്ഞു.
The new Income Tax Bill passed in Parliament aims to simplify complex tax laws, reduce compliance burden for businesses, and will be effective from April 1, 2026.