ഖത്തറിലെ ദോഹയിൽ ഹമാസ് നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ട് ഇസ്രയേലി സേന വ്യോമാക്രമണം നടത്തിയതിന് പിന്നാലെ സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിയുമായി സംസാരിച്ച പ്രധാനമന്ത്രി ഖത്തറിൻ്റെ പരമാധികാരത്തെ ലംഘിച്ചതിനെ അപലപിച്ചു. ചർച്ചകളിലൂടെ തർക്കങ്ങൾ പരിഹരിക്കാനും മോഡി ആഹ്വാനം ചെയ്തു.

‘ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിയുമായി സംസാരിക്കുകയും ദോഹയിലെ ആക്രമണങ്ങളിൽ അഗാധമായ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. സഹോദര രാഷ്ട്രമായ ഖത്തറിൻ്റെ പരമാധികാരം ലംഘിച്ചതിനെ ഇന്ത്യ അപലപിക്കുന്നു’-പ്രധാനമന്ത്രി മോഡി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. സംഭവങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി, മേഖലയിൽ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദോഹയുടെ ശ്രമങ്ങളെ പ്രശംസിച്ചു. ഗാസയിലെ വെടിനിർത്തൽ, ബന്ദികളുടെ മോചനം എന്നിവയുൾപ്പെടെയുള്ള മധ്യസ്ഥ ശ്രമങ്ങൾക്കും മോഡി ഖത്തറിനെ പ്രത്യേകം അഭിനന്ദിച്ചു. മോഡിയുടേയും ഇന്ത്യയുടേയും ഐക്യദാർഢ്യത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം നന്ദി അറിയിച്ചു.
അതേസമയം ആക്രമണത്തിനെതിരേ രൂക്ഷ വിമർശനവുമായി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ ബിൻ ജാസിം അൽ താനി രംഗത്തെത്തി. കാടത്തം എന്നാണ് ഇസ്രയേൽ ആക്രമണത്തെ ഖത്തർ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഇസ്രയേലിന്റെ ഈ പ്രവർത്തി ഗാസയിലെ ഓരോ ബന്ദികളുടേയും പ്രതീക്ഷ ഇല്ലാതാക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.