വെറും 7 ദിർഹവുമായി യുഎഇയിലെത്തി കോടികളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുകയും, ഒടുവിൽ അപ്രതീക്ഷിതമായ തകർച്ചയിലേക്ക് കൂപ്പുകുത്തുകയും ചെയ്ത ബി.ആർ. ഷെട്ടിയുടെ ജീവിതം ബിസിനസ് ചരിത്രത്തിലെ ഏറ്റവും നാടകീയമായ അധ്യായങ്ങളിലൊന്നാണ്. 1942ൽ കർണാടകയിലെ ഉഡുപ്പിയിൽ ജനിച്ച ബാവഗുത്തു രഘുറാം ഷെട്ടി, 1973ലാണ് മെച്ചപ്പെട്ട അവസരങ്ങൾ തേടി ഗൾഫിലെത്തുന്നത്. മെഡിക്കൽ റെപ്രസെന്റേറ്റീവ് ആയി കരിയർ ആരംഭിച്ച അദ്ദേഹം, സാധാരണക്കാർക്ക് മിതമായ നിരക്കിൽ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1975ൽ അബുദാബിയിൽ ‘ന്യൂ മെഡിക്കൽ സെന്റർ’ (NMC) എന്ന പേരിൽ ചെറിയ ക്ലിനിക്ക് ആരംഭിച്ചു. ഷെട്ടിയുടെ ഭാര്യ ഡോ. ചന്ദ്രകുമാരി ഷെട്ടി മാത്രമായിരുന്നു അന്ന് ക്ലിനിക്കിലെ ഏക ഡോക്ടർ.

പിന്നീട് എൻഎംസിഎട്ട് രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വമ്പൻ ശൃംഖലയായി വളർന്നു. ബിസിനസ് രംഗത്തെ മികച്ച നേട്ടങ്ങൾ പരിഗണിച്ച് 2009ൽ ഇന്ത്യ അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു. 2012ൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ടതോടെ ഷെട്ടിയുടെ വളർച്ച ലോകശ്രദ്ധ നേടി. ബുർജ് ഖലീഫയിലെ ആഡംബര ഫ്ലാറ്റുകൾ, സ്വകാര്യ വിമാനങ്ങൾ, കോടികളുടെ ആസ്തി എന്നിവയോടെ ഫോർബ്സ് ശതകോടീശ്വര പട്ടികയിലും അദ്ദേഹം ഇടംപിടിച്ചു. ഫിനാബ്ലർ (Finablr) എന്ന ഹോൾഡിംഗ് കമ്പനി വഴി ധനകാര്യ മേഖലയിലും അദ്ദേഹം തന്റെ ആധിപത്യം ഉറപ്പിച്ചു.
എന്നാൽ 2019ൽ യുഎസ് ആസ്ഥാനമായുള്ള ‘മഡ്ഡി വാട്ടേഴ്സ്’ പുറത്തുവിട്ട റിപ്പോർട്ട് ഷെട്ടിയുടെ തകർച്ചയ്ക്ക് തുടക്കമിട്ടു. ഏകദേശം 48,967 കോടി രൂപയുടെ കടബാധ്യത ഷെട്ടി ഒളിപ്പിച്ചുവെച്ചു എന്നതായിരുന്നു പ്രധാന ആരോപണം. ഇതോടെ ബാങ്കുകൾ കൈമലർത്തുകയും കമ്പനിയുടെ ഓഹരി മൂല്യം കുത്തനെ ഇടിയുകയും ചെയ്തു. ഒരു കാലത്ത് 12,000 കോടി രൂപ മൂല്യമുണ്ടായിരുന്ന ഫിനാബ്ലർ വെറും 74 രൂപയ്ക്കാണ് പിന്നീട് വിറ്റഴിക്കേണ്ടി വന്നത്. സാമ്പത്തിക ക്രമക്കേടുകൾക്കും കള്ളപ്പണം വെളുപ്പിക്കലിനും ഇന്ത്യയിലെ സിബിഐയും യുഎഇ അധികൃതരും ഷെട്ടിക്കെതിരെ കേസെടുത്തു. വഞ്ചിക്കപ്പെട്ടതാണെന്ന് അദ്ദേഹം വാദിക്കുന്നുണ്ടെങ്കിലും, നിയമപോരാട്ടങ്ങൾക്കിടയിൽ തന്റെ ബിസിനസ് സാമ്രാജ്യം തകർന്നടിയുന്നത് നോക്കിനിൽക്കാനേ അദ്ദേഹത്തിന് സാധിച്ചുള്ളൂ.
Explore the dramatic journey of B.R. Shetty, who built the NMC Health empire from a small clinic in Abu Dhabi to a global giant, only to see it collapse under debt and fraud allegations
