മിൽമ പാൽ വില വർധിപ്പിക്കാനുള്ള ക്ഷീര കർഷകരുടെ ഏറെക്കാലത്തെ ആവശ്യത്തിനാണ് ഇപ്പോൾ പച്ചക്കൊടി കാട്ടിയിരിക്കുന്നത്. ഇതോടെ ക്ഷീര മേഖലയിലെ സംരംഭകർക്ക് ഗുണമേറെ ലഭിക്കും. പശുക്കളെ പരിപാലിക്കുന്നതിനുള്ള ചെലവ് വർധിപ്പിച്ചതോടെ ക്ഷീര വ്യവസായത്തെ നിന്നും പിൻവാങ്ങാൻ തീരുമാനമെടുത്ത നിരവധി സംരംഭകരെ മേഖലയിൽ തന്നെ പിടിച്ചു നിർത്തുന്നതാണീ തീരുമാനം.

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു ലിറ്ററിന് 56 രൂപയാക്കിയത് അടുത്ത വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ബുധനാഴ്ച ചേരുന്ന ഡയറക്ടർ ബോർഡ് യോഗം വർധനവിന് അംഗീകാരം നൽകും. പുതുക്കിയ വർധനപ്രകാരമുള്ള തുകയിൽ 83.75 ശതമാനം വിഹിതവും ക്ഷീര കർഷകർക്ക് നേരിട്ട് ലഭിക്കും എന്നതാണ് ഒരു സവിശേഷത. വർധിപ്പിച്ച വിലയുടെ 6.25 ശതമാനം വീതം സൊസൈറ്റികൾക്കും ഡീലർമാർക്കും നൽകും. 2.5 ശതമാനം മിൽമയ്ക്കും 0.75 ശതമാനം ക്ഷേമനിധിയിലേക്ക് മാറ്റി വയ്ക്കും. 0.5 ശതമാനം പ്ലാസ്റ്റിക് നീക്കം ചെയ്യൽ പ്രക്രിയകൾക്കും നൽകാനാണ് തീരുമാനം.
കർഷകന് 3.33 രൂപ ലഭിക്കുന്ന രീതിയിലാണ് വർധനവ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് വില വർധിപ്പിക്കൽ നടപടികളിലേക്ക് മിൽമ കടക്കുന്നത്. ശേഷം നിയോഗിച്ച മൂന്നംഗ പഠന സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നിലവിലെ വർധന.
ലിറ്ററിന് മിൽമ പാലിൻ്റെ വില 56 രൂപയാകും. പാലിന് വില വർധിക്കുന്നതോടെ മിൽമ പുറത്തിറക്കുന്ന മറ്റ് ഉൽപ്പന്നങ്ങൾക്കും ആനുപാതികമായി വില വർധിക്കും. മിൽമ വില വർധിപ്പിക്കുന്നതോടെ മറ്റു സ്വകാര്യ ക്ഷീര സംരംഭകരും വില വർധിപ്പിക്കും. വിപണിയിലെ മറ്റു ക്ഷീര ഉത്പന്നങ്ങൾക്കും വില കൂടും. ഉപഭോക്താവിന് വിലക്കയറ്റം ദുരിതമാകുമ്പോൾ സംരംഭകർക്ക് നിലവിലെ പരിപാലന ചിലവിൽ ഇതൊരു ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
Milma announces a ₹4 per litre hike in milk prices, bringing the rate to ₹56. Over 83% of the price increase will go directly to struggling dairy farmers in Kerala.
