ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില ഉയർന്നുനിൽക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) മുൻ ചീഫ് ഇക്കണോമിസ്റ്റും ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറുമായ ഗീതാ ഗോപിനാഥ്. നിലവിൽ ഐ.എം.എഫ് പ്രവചിച്ചിരിക്കുന്ന 6.5 ശതമാനം വളർച്ചാ നിരക്കിൽ നിന്നും ഇന്ത്യയുടെ ജിഡിപി 6 ശതമാനത്തിലേക്ക് താഴാൻ എണ്ണവില വർദ്ധനവ് കാരണമായേക്കാമെന്ന് അവർ മുന്നറിയിപ്പ് നൽകി. ഇന്ധനച്ചെലവ് വർദ്ധിക്കുന്നത് രാജ്യത്തെ ജനങ്ങളുടെ ഉപഭോഗത്തെയും ബിസിനസ്സ് നിക്ഷേപങ്ങളെയും വലിയ തോതിൽ ബാധിക്കുമെന്നും വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് (ANI) നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി.

എണ്ണവില പെട്ടെന്ന് കുറയാൻ സാധ്യതയില്ലെന്നും ഒരു ബാരലിന് 70 മുതൽ 75 ഡോളർ വരെ എന്ന നിരക്കിലേക്ക് തിരിച്ചെത്താൻ അടുത്ത വർഷം പകുതി വരെയെങ്കിലും സമയമെടുത്തേക്കാം എന്നുമാണ് ഗീതാ ഗോപിനാഥ് വിലയിരുത്തുന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ നീണ്ടുപോവുകയാണെങ്കിൽ എണ്ണവില ബാരലിന് 120 മുതൽ 140 ഡോളർ വരെയായി ഉയർന്നേക്കാം. അങ്ങനെയുണ്ടായാൽ ആഗോള സാമ്പത്തിക വളർച്ച 2 ശതമാനത്തിലേക്ക് കൂപ്പുകുത്തുമെന്നും, ഇത് ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയ്ക്ക് മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
ഇത്തരം ബാഹ്യ പ്രതിസന്ധികളിൽ നിന്നും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാൻ ഫോസിൽ ഇന്ധനങ്ങളിലുള്ള ആശ്രയത്വം കുറയ്ക്കണമെന്ന് ഗീതാ ഗോപിനാഥ് നിർദ്ദേശിച്ചു. ഇതിനായി പുനരുപയോഗ ഊർജ്ജത്തിന്റെയും ആണവോർജ്ജത്തിന്റെയും ഉപയോഗം വർദ്ധിപ്പിക്കണം. ഒപ്പം വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി ബിസിനസ്സ് സൗഹൃദ അന്തരീക്ഷം ഒരുക്കണമെന്നും, ആഗോള വ്യാപാര മാറ്റങ്ങൾ പ്രയോജനപ്പെടുത്തി യൂറോപ്യൻ യൂണിയൻ അടക്കമുള്ളവരുമായി കൂടുതൽ വ്യാപാരക്കരാറുകളിൽ ഏർപ്പെടുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നും അവർ ഓർമ്മിപ്പിച്ചു.
Former IMF Chief Economist Gita Gopinath warns that rising crude oil prices and global tensions could slash India’s GDP growth rate from 6.5% down to 6%.
