ആധുനിക കാലത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന വാക്കുകളിൽ ഒന്നാണ് ‘ബ്ലോക്ക്‌ചെയിൻ’.ക്രിപ്റ്റോ കറൻസികളുമായി ബന്ധപ്പെടുത്തിയാണ് കൂടുതൽ പേരും ഇത് ഉപയോഗിക്കുന്നത്.എന്നാൽ ബ്ലോക്ക്‌ചെയിൻ എന്ന ആശയം ക്രിപ്റ്റോ കറൻസികളുമായി മാത്രം ബന്ധപ്പെട്ടുള്ളതല്ല.പല കമ്പനികളും വ്യവസായങ്ങളും വ്യത്യസ്ത ആവശ്യങ്ങൾക്കായി ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്.


അത്തരത്തിൽ ജനപ്രീതി നേടുന്ന അഞ്ച് റിയൽ ബ്ലോക്ക്ചെയിൻ ആപ്ലിക്കേഷനുകളെയാണ് ചാനൽ ഐ ആം ഇന്ന് പരിചയപ്പെടുത്തുന്നത്..

സപ്ലൈ ചെയിൻ മാനേജ്മെന്റ്

ഇന്നത്തെക്കാലത്ത് വേഗതയോടെയും കാര്യക്ഷമമായും പ്രവർത്തിക്കേണ്ടത് കമ്പനികളെ സംബന്ധിച്ചിടത്തോളം അനിവാര്യമായ ഒന്നാണ്. ഉൽപ്പാദന പ്രക്രിയ വേഗത്തിലായതും സാധനങ്ങൾക്ക് ഡിമാൻഡ് വർദ്ധിച്ചതും കാരണം ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് സാധനങ്ങളും സേവനങ്ങളും എളുപ്പത്തിൽ കൈമാറ്റം ചെയ്യേണ്ടതുണ്ട്. കോവിഡ് വ്യാപന കാലത്ത് ഇത്തരം സപ്ലൈ മാനേജ്മെന്റിന്റെ അനിവാര്യത നമ്മൾ മനസ്സിലാക്കിയതാണ്. സപ്ലൈ മാനേജ്മെന്റ് വേഗത്തിലും കാര്യക്ഷമവുമാക്കുന്നതിന് ഉപയോഗിക്കാനാകുന്ന സാങ്കേതിക വിദ്യയാണ് ബ്ലോക്ക് ചെയിൻ. ഉൽപ്പന്നം ഓർഡർ ചെയ്യുന്നതു മുതൽ വീട്ടുപടിക്കലെത്തും വരെയുള്ള കാര്യങ്ങൾ ട്രാക്ക് ചെയ്യാൻ ഈ സാങ്കേതിക വിദ്യയിലൂടെ സാധിയ്ക്കും. ഉൽപ്പന്നങ്ങൾ എത്തുന്നതിലെ കാലതാമസം ഒഴിവാക്കുന്നു, അധിക ചെലവുകൾ തടയുന്നു തുടങ്ങി നിരവധി ഗുണങ്ങളാണ് ബ്ലോക്ക്ചെയിൻ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിലൂടെ സാദ്ധ്യമാകുന്നത്.

വോട്ടിംഗ് സംവിധാനം കാര്യക്ഷമമാക്കുന്നു

ശക്തമായ വോട്ടിംഗ് സംവിധാനമാണ് ഒരു രാജ്യത്തെ ശക്തിപ്പെടുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന്. ഇന്നത്തെ ഇലക്ട്രോണിക്ക് വോട്ടിംഗ് രീതി തീർത്തും സുരക്ഷിതമാണെന്ന് പറയാനാകില്ല.സുതാര്യമായ ഒരു വോട്ടിംഗ് സംവിധാനം ഏത് ആക്രമണങ്ങളിൽ നിന്നും വിമുക്തമായിരിക്കണം, എങ്കിൽ മാത്രമേ വോട്ടിംഗ് പ്രക്രിയയുടെ നിയമസാധുത എല്ലാവർക്കും പരിശോധിക്കാൻ കഴിയുകയുള്ളൂ. ഇതിന് അവസരം നൽകുന്നതാണ് ബ്ലോക്ക്ചെയിൻ സാങ്കേതിക വിദ്യ. ബ്ലോക്ക്ചെയിൻ ടെക്നോളജി വോട്ടിംഗ് ഡാറ്റാബേസ് ശേഖരിച്ചുവയ്ക്കുന്നു.
അതിനാൽ തന്നെ അവശ്യഘട്ടങ്ങളിൽ ഈ വിവരങ്ങൾ പരിശോധിക്കാനും വിലയിരുത്താനും സാധിക്കുന്നു.

റീട്ടെയിലിലെ ലോയൽറ്റി റിവാർഡുകൾ

ഏതൊരു ബിസിനസ്സിലും ഉപഭോക്താവിന്റെ വിശ്വാസ്യത നിലനിർത്തുകയെന്നത് പ്രധാനമാണ്. ഒരു ഉൽപ്പന്നത്തോടോ ബ്രാൻഡിനോടോ ഉള്ള ഉപഭോക്താവിന്റെ വിശ്വാസ്യത കമ്പനികൾ ഇപ്പോൾ പിടിച്ചു നിർത്തുന്നത് അവർക്ക് വിവിധതരം റിവാർഡുകൾ നൽകിയാണ്. ഇത് സ്ഥാപനത്തിന്റെ ലോയൽറ്റി പ്രോഗ്രാമുകളുടെ ഭാഗമാണ്. ക്രിപ്റ്റോ കറൻസികൾ, ബ്ലോക്ക്ചെയിൻ ടെക്നോളജി എന്നിവ വഴി, ലോയൽറ്റി റിവാർഡുകൾ നൽകുന്നത് കൂടുതൽ ആക്സസിബിളും എളുപ്പവുമാക്കാൻ കഴിയും.ബ്ലോക്ക്ചെയിൻ ടെക്നോളജിയുടെ സഹായത്തോടെ ഡിജിറ്റൽ വാലറ്റുകളിലൂടെ റിവാർഡുകൾ ഉപഭോക്താവിന് കൈമാറുകയാണ് ക്രിപ്റ്റോ കറൻസികൾ ചെയ്യുന്നത്.

കോപ്പിറൈറ്റും ഉടമസ്ഥാവകാശ സംരക്ഷണവും

ഇന്റർനെറ്റിന്റെ വ്യാപനത്തോടെ, വീഡിയോകൾ, സംഗീതം, പെയിന്റിംഗുകൾ തുടങ്ങിയ കലാസൃഷ്ടികളിലുള്ള ഉടമസ്ഥാവകാശം സൂക്ഷിക്കേണ്ടത് ഒഴിച്ചുകൂടാനാവാത്ത ഒന്നായി തീർന്നിരിക്കുന്നു.കണ്ടെന്റിന്റെ ഓണർഷിപ്പ് അവകാശം ചോദിച്ച് നിരവധി പേർ രംഗത്തുവരാറുമുണ്ട്.
ഗൂഗിൾ,മെറ്റ പോലുള്ള തേർഡ് പാർട്ടി പ്ലാറ്റ്ഫോമുകൾക്ക് സ്വന്തം വെരിഫിക്കേഷൻ സംവിധാനമുണ്ടെങ്കിലും അവയൊന്നും പൂർണ്ണമായും തൃപ്തികരമല്ല.ബ്ലോക്ക്ചെയിൻ ടെക്നോളജി പ്രയോജനപ്രദമാകുന്നത് ഇവിടെയാണ്. ബ്ലോക്ക്ചെയിനിന്റെ സുരക്ഷിതവും സുതാര്യവുമായ ബ്ലോക്കുകളിൽ ഡിജിറ്റൽ കോപ്പീറൈറ്റ് ഡാറ്റ ശേഖരിച്ചുവയ്ക്കാം.

വ്യക്തിഗത വായ്പകളിലെ ഉപയോഗം

അവശ്യഘട്ടങ്ങളിൽ വ്യക്തികൾക്കും ബിസിനസ്സുകൾക്കും ലോണുകൾ നൽകുന്നത് ബാങ്കുകളും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളുമാണ്.എന്നാൽ ലോൺ അപേക്ഷ സമർപ്പിക്കുന്നതുമുതൽ തുക കൈയ്യിൽ കിട്ടുന്നത് വരെയുള്ള പ്രക്രിയ ഒരുപാട് സമയമെടുക്കുന്നതാണ്.സാധാരണ വായ്പകൾ നൽകുന്നത് സുഗമമാക്കുന്നതിൽ ഒരു ഇടനിലക്കാരൻ ആവശ്യമാണ്.എന്നാൽ ബ്ലോക്ക്‌ചെയിൻ സ്‌മാർട്ട് കോൺട്രാക്‌ട് സാങ്കേതികവിദ്യ ഉപയോഗിച്ച്, ഇത് തടസ്സങ്ങളില്ലാതെ നടത്താം.

ബ്ലോക്ക്ചെയിനിന് എന്തുചെയ്യാൻ കഴിയും എന്നതിന്റെ ചുരുക്കം ചില ഉദാഹരണങ്ങൾ മാത്രമാണിത്. വാസ്തവത്തിൽ, കാര്യക്ഷമതയില്ലാത്ത ഏത് സിസ്റ്റത്തെയും തിരുത്താൻ ബ്ലോക്ക്ചെയിനുകൾക്ക് കഴിയും. മാത്രമല്ല, ബ്ലോക്ക് ചെയിന്റെ സാദ്ധ്യതകൾ വിപുലവും വിശാലവുമാണ്. ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന മറ്റ് സാങ്കേതിക വിദ്യകൾക്കനുസരിച്ച് ബ്ലോക്ക്ചെയിനുകളെയും പ്രയോജനപ്പെടുത്തേണ്ടതുണ്ട് എന്നതാണ് ഏറ്റവും പ്രധാനം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version